പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ളവിഎഫ്സി ഇന്ന് മുതല്‍
കണ്ണൂർ: ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വിഎഫ്സി) തിങ്കളാഴ്ച മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി എത്തി വോട്ട് രേഖപ്പെടുത്താം. കേന്ദ്രത്തില്‍ ഏഴ് കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 24 വരെ ഈ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താം.
വി എഫ് സിയില്‍ ആര്‍ക്കൊക്കെ വോട്ടു ചെയ്യാം
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍, ഫ്ളൈയിങ് സ്‌ക്വാഡുകള്‍, വരണാധികാരിയുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ നിയോഗിക്കപ്പെട്ടവര്‍ തുടങ്ങിയവരില്‍ ഫോറം 12 മുഖേന പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ അവസരം.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ച വി എഫ് സിയില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൂടി ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തി വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. തിരഞ്ഞെടുപ്പ് പരിശീലന കേന്ദ്രത്തിലെ വിഎഫ്സികളില്‍ 2379 ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് ലഭ്യമായിരുന്നത്. ഇതില്‍ 1660 പേര്‍ ഈ സെന്ററുകളില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. ബാക്കിയുള്ള 719 പേര്‍ക്ക് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററിലെത്തി തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 24 വരെ വോട്ട് രേഖപ്പെടുത്താം.
നിലവില്‍ പോസ്റ്റല്‍ വോട്ടിനായി ജില്ലക്ക് പുറത്തേക്ക് അയച്ച 2085 അപേക്ഷകളില്‍, 1122 പേര്‍ക്കാണ് ബാലറ്റ് മറ്റുള്ള ജില്ലകളിലെ അതാത് വരണാധികാരില്‍ നിന്ന് ഇതുവരെ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇത് കൂടാതെ ജില്ലക്കകത്തെ വോട്ടര്‍മാരില്‍ 3240 പേര്‍ക്കും ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1660 പേര്‍ പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ച വി എഫ് സി കളില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തീകരിക്കപ്പെട്ടവര്‍ക്കു മാത്രമേ വിഎഫ്സിയില്‍ വോട്ടു ചെയ്യാന്‍ സാധിക്കൂ. (ഫോറം.12 ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വരണാധികാരി പരിശോധിച്ച് അംഗീകരിച്ച് മാര്‍ക്ഡ് കോപ്പിയില്‍ പി ബി മാര്‍ക്ക് ചെയ്ത്, ബാലറ്റ് പേപ്പര്‍ അനുവദിക്കപ്പെട്ടവര്‍ മാത്രം)
നിലവില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവര്‍ക്ക് എസ്എംഎസ് വഴി വിവരം അറിയിക്കുന്നതും കൂടാതെ https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുമാണ്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമാകുന്ന മുറക്ക് എല്ലാ ദിവസവും രാവിലെ 11 മണിക്കും, വൈകിട്ട് 7 മണിക്കും പ്രസ്തുത വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമാണ്.