എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി
എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തി. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
സൗജന്യ ഭക്ഷ്യധാന്യം ചരിത്രത്തിലെ ഏറ്റവും വലിയ ജനക്ഷേമ പരിപാടിയാണിത്. ദേശീയ വിദ്യാഭ്യാസ നയ’ത്തിൽ, ഡിജിറ്റൽ വിഭജനം നികത്തുന്നതിനും സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനും അർഹമായ മുൻഗണന നൽകുന്നു. കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി.
മണിപ്പൂരിനെ പേരെടുത്ത് പറയാതെ പരാമർശിച്ച രാഷ്ട്രപതി, സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങൾ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. ചില ഇടത്ത് സ്വന്തം ഭാഗം ശരിയാണെന്ന് വാദിച്ച് പരസ്പരം ഏറ്റുമുട്ടുന്നു. സംഘർഷങ്ങളിൽ അകപ്പെട്ട പ്രദേശങ്ങളിൽ, ആ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള വഴികൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വർധമാൻ മഹാവീർ, അശോക ചക്രവർത്തി മുതൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വരെയുള്ളവർഅഹിംസ എന്നത് നേടിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആദർശം മാത്രമല്ല, വ്യക്തമായ സാധ്യതയും എന്നത് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച അന്തരിച്ച മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് രാഷ്ട്രപതി ആദരമർപ്പിച്ചു. സംഭാവനകൾ കൊണ്ട് പൊതുജീവിതം സമ്പന്നമാക്കിയതിന് ഠാക്കൂറിനു ആദരം അർപ്പിക്കുന്നതായി ദ്രൗപദി മുർമു പറഞ്ഞു