LPST, UPST, എൽഡി ടൈപ്പിസ്റ്റ് ഉൾപ്പെടെ 35 തസ്തികയിൽ ഡിസംബർ 30ന് പിഎസ്‌സി വിജ്ഞാപനം

വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫിസർ, വാട്ടർ അതോറിറ്റിയിൽ എൽഡി ടൈപ്പിസ്റ്റ് ഉൾപ്പെടെ 35 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പം തസ്തികമാറ്റം, സ്പെഷൽ റിക്രൂട്മെന്റ്, എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. ഡിസംബർ 30ലെ ഗസറ്റിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 31. വിശദ വിവരങ്ങൾ ജനുവരി 1നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ. പ്രധാന വിജ്ഞാപനങ്ങൾ:

∙ജനറൽ (സംസ്ഥാനതലം): ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (ഡ്രഗ്സ് സ്റ്റാൻഡേഡൈസേഷൻ യൂണിറ്റ്) റിസർച് ഓഫിസർ (ആയുർവേദ), ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (പഞ്ചകർമ), പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫിസർ (കെമിസ്ട്രി, ബയോളജി, ഡോക്യുമെന്റ്, ഫിസിക്സ്), ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ്–2 (മലയാളം), റീഡർ ഗ്രേഡ്–2, ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്–2, വാട്ടർ അതോറിറ്റിയിൽ എൽഡി ടൈപ്പിസ്റ്റ്, ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ്–2, ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്പർവൈസർ.

∙ജനറൽ (ജില്ലാതലം): വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), എറണാകുളം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ സംസ്കൃതം (തസ്തികമാറ്റം വഴി), ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് തമിഴ് മീഡിയം (തസ്തികമാറ്റം വഴി), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ ഇംഗ്ലിഷ് (തസ്തികമാറ്റം വഴി), ഹൈസ്കൂൾ ടീച്ചർ അറബിക്, ഹൈസ്കൂൾ ടീച്ചർ നാച്വറൽ സയൻസ് മലയാളം മീഡിയം (തസ്തികമാറ്റം വഴി), ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മലയാളം മീഡിയം (തസ്തികമാറ്റം വഴി), എൽപി സ്കൂൾ ടീച്ചർ തമിഴ് മീഡിയം, ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് തമിഴ് മീഡിയം (തസ്തികമാറ്റം വഴി), പട്ടികജാതി വികസന വകുപ്പിൽ (വിവിധ ജില്ലകൾ) നഴ്സറി സ്കൂൾ ടീച്ചർ, അച്ചടി വകുപ്പിൽ (കണ്ണൂർ) കോപ്പി ഹോൾഡർ (കന്നഡ), എൻസിസി/സൈനികക്ഷേമ വകുപ്പിൽ (വിവിധ ജില്ലകൾ) എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടന്മാർ), ലാസ്റ്റ് ഗ്രേഡ് സെർവന്റ് (വിമുക്തഭടന്മാർ).

∙സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം): പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ മലയാളം (എസ്ടി), അച്ചടി വകുപ്പിൽ അസിസ്റ്റന്റ് സൂപ്രണ്ട് (എസ്ടി).
∙എൻസിഎ (സംസ്ഥാനതലം): ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ രചനാശരീർ (എൽസി/എഐ), പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ ട്രെയിനി (എസ്‌സിസിസി, മുസ്‌ലിം).

∙എൻസിഎ (ജില്ലാതലം): വിദ്യാഭ്യാസ വകുപ്പിൽ (ഇടുക്കി) ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എസ്‌സി), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മലയാളം മീഡിയം (എസ്‌സിസിസി, ഹിന്ദു നാടാർ, എസ്ടി), എക്സൈസ് വകുപ്പിൽ (ഇടുക്കി, തൃശൂർ) സിവിൽ എക്സൈസ് ഓഫിസർ ട്രെയിനി (ധീവര, എസ്‌സി, എസ്ടി), വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം) പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്ടി), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്‌സിസിസി).

LPST, UPST വിജ്ഞാപനങ്ങൾ നാലു വർഷത്തിനുശേഷം

നാലു വർഷത്തിനു ശേഷമാണ് എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിക്കുന്നത്. രണ്ടു തസ്തികകളുടെയും മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 2019 ഡിസംബർ 31ലെ ഗസറ്റിലായിരുന്നു. എൽപിഎസ്ടിയിൽ 35,455 പേരും യുപിഎസ്ടിയിൽ 1,07,257 േപരുമാണ് അന്ന് അപേക്ഷ നൽകിയത്. കെ–ടെറ്റ് നേടിയവർ കുറവായതിനാലാണ് കഴിഞ്ഞ തവണ അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. ഇത്തവണ അപേക്ഷകർ വർധിക്കും.

രണ്ടു തസ്തികകളുടെയും റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. വിവിധ ജില്ലകളിൽ നിലവിലുള്ള എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിന് 2025 മേയ് 30 വരെയും യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിന് 2025 ഒക്ടോബർ 9 വരെയും കാലാവധിയുണ്ട്. പുതിയ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റുകൾ ഇതിനു തൊട്ടടുത്ത ദിവസം നിലവിൽ വരും. എൽപിഎസ്ടി തസ്തികയിൽ 14 ജില്ലയിലുമായി 3748 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുണ്ട്. യുപിഎസ്ടിയിൽ 2023 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്.