കേരളത്തിൽ വരുന്ന ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരുന്ന ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിന്‍റെ ഫലമായി മഴ തുടരുമെന്നാണ് അറിയിപ്പ്.

നവംബർ 18 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 15 തീയതികളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് നവംബർ 16 ഓടെ മധ്യബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടാണ്.

ഇന്ന് ഏഴ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. നാളെ 12 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നും മഴ സാധ്യത പ്രവചനത്തിലുണ്ട്. നവംബർ 15, 16 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്നാളെ തെക്ക് പടിഞ്ഞാറ് അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ബുധനാഴ്ച മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ , അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.വ്യാഴാഴ്ച മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ അതാത് പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.