ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
വൈകുന്നേരത്തോടെ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലി കാറ്റായും മാറാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.