വ്യാപക മഴയ്ക്ക് സാധ്യത: ജില്ലയിൽ ജാഗ്രതാ നിർദേശം
കണ്ണൂർ : കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ച സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണം നടത്തേണ്ട പ്രധാന മേഖലകളിൽ ജാഗ്രത പാലിക്കാൻ കളക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി.
മഴ മണിക്കൂറുകളോളം തുടരുകയോ പ്രാദേശികമായി അപകടകരമായ സാഹചര്യം ഉടലെടുക്കുകയോ ചെയ്യുന്ന പക്ഷം മലയോര മേഖലയിലും നദീ തീരങ്ങളിലും അപകട മേഖലയിൽ താമസിക്കുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
അപകട മേഖലകളിൽ താമസിക്കുന്നവരുടെ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, പോലീസ് അധികാരികൾ എന്നിവരുമായി ചേർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.