സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ കോട്ടയം എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുമെന്നും നിർദേശമുണ്ട്.