കാലവർഷം അവസാന മാസത്തിലേക്ക്: കണ്ണൂരിൽ അധിക മഴ രേഖപ്പെടുത്തി
കണ്ണൂർ : കാലവർഷം അവസാന മാസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ഇതുവരെ മൂന്ന് ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലും അധികമഴ രേഖപ്പെടുത്തി.
കണ്ണൂർ (15), പാലക്കാട് (ഒന്ന്), തിരുവനന്തപുരം (11) ശതമാനം വീതമാണ് അധിക മഴ. മാഹിയിൽ 19 ശതമാനവും.
2349.7 മില്ലിമീറ്റർ പെയ്യേണ്ട കണ്ണൂരിൽ 2707.7 മില്ലിമീറ്ററും മാഹിയിൽ 2128 മില്ലിമീറ്റർ വേണ്ടിടത്ത് 2522.2 മില്ലിമീറ്ററും 1349.2 മില്ലിമീറ്റർ വേണ്ട പാലക്കാട് 1360.4 മില്ലിമീറ്ററും 666.3 മില്ലിമീറ്റർ പെയ്യേണ്ട തിരുവനന്തപുരത്ത് 736 മില്ലിമീറ്ററും മഴയാണ് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 30 വരെ ലഭിച്ചത്.
അതേസമയം, സംസ്ഥാനത്ത് മൊത്തത്തിൽ 11 ശതമാനം മഴക്കുറവുണ്ട്. ജൂണിൽ 25 ശതമാനം കുറവ് മഴ ലഭിച്ചപ്പോൾ ജൂലായിൽ 16 ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്. എന്നാൽ ഓഗസ്റ്റിൽ 30 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.
സെപ്റ്റംബറിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.