സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, വടക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.