കേരളത്തിന് മുന്നറിയിപ്പ്; ഏപ്രിൽ 4 വരെ ശക്തമായ മഴ
ദില്ലി: വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
ഏപ്രിലിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മൃത്യുഞ്ജയ് മൊഹാപാത്ര മുന്നറിയിപ്പ് നൽകി. അതേസമയം ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ നിലയിലുള്ള മഴ ലഭിക്കുമെങ്കിലും ഇന്ത്യയിൽ മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്.