ഇന്നും പെരുമഴ തന്നെ; കടൽ തീരത്തുളളവർ കരുതിയിരിക്കുക

സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനോടൊപ്പം കേരള തീരത്ത് കളളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ മുന്നറിയിപ്പുകളാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും നൽകിയിരിക്കുന്നത്. കേരള തീരത്ത് നാളെ രാത്രി എട്ടര മണി വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത്‌ നാളെ രാത്രി എട്ടര മണി വരെ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക