വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളിൽ വെള്ളം നിർത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിർദേശം നൽകിയതായി കെ രാജൻ പറഞ്ഞു. മഴയെ തുടർന്ന് പല ജില്ലകളിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏഴു വീടുകൾ പൂർണ്ണമായി തകർന്നു. 181 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാൻ ഇനിയും ധാരാളം അപകടങ്ങൾ ഉണ്ട്. നിലവിലെ ന്യൂനമർദം തീവ്ര ന്യൂനമർദമാകും. ഉച്ചയ്ക്കുശേഷം തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കും. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത.
ജൂൺ 5 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. 6 -12 വരെ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. പൊന്മുടിയിൽ മണിക്കൂറിൽ 54 കിലോമീറ്റർ, പൊന്മുടി 44, റാന്നി 44 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി. മഴക്കൊപ്പം കാറ്റ് വീശുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.