ഒന്നിച്ച് 3 ചക്രവാതചുഴി:കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 5 ദിവസം ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മ‍ർദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.

തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദമാണ് ഒരു ചക്രവാത ചുഴിയായി മാറുന്നത്. തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനൊപ്പം തന്നെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇന്നും നാളെയും മറ്റന്നാളും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുതുക്കി നിശ്ചയിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.