ഷാപ്പുകൾക്ക്‌ സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന് വരുന്ന വാർത്ത തെറ്റാണെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യനയത്തിൽ ഷാപ്പുകൾക്ക്‌ സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന് വരുന്ന വാർത്ത തെറ്റാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാറുകളെപ്പോലെ ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ പുതിയ മദ്യനയത്തിൽ തീരുമാനമായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇതിനെയാണ് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്.

മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പ്:

മദ്യനയത്തിൽ ഷാപ്പുകൾക്ക്‌ സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത്‌‌ തെറ്റായ വാർത്തയാണ്‌. ഷാപ്പുകളെ ഹോട്ടലുകളിലെ പോലെ തരംതിരിക്കാനോ, സ്റ്റാർ പദവി നൽകാനോ തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ വാർത്താസമ്മേളനത്തിന്‌ ശേഷവും പലരും ഈ രീതിയിൽ റിപ്പോർട്ട്‌ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ഈ അറിയിപ്പ്‌. തെറ്റായ വിവരം തിരുത്താൻ അഭ്യർത്ഥിക്കുന്നു.

കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാനാണ്‌ തീരുമാനിച്ചത്‌. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.