രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ.രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി പിടിഐയോട് പറഞ്ഞു. ഒരേ ലേബര്‍റൂമില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം.

ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ പുരോഹിതന്മാരില്‍നിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവര്‍ത്തിത്വത്തിന്റേയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാര്‍ കാണുന്നത്. അതിനാല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാല്‍ ഈ ഗുണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാവുമെന്ന് അമ്മമാര്‍ വിശ്വിക്കുന്നു- ഡോ. സീമാ ദ്വിവേദി പറഞ്ഞു.