മുൻഗണന റേഷൻ കാര്‍ഡുകളുടെ മസ്റ്ററിംഗ് ഇന്ന് മുതൽ

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്‌) റേഷന്‍ കാര്‍ഡ്‌ അംഗങ്ങളുടെ ഇകെവൈസി മസ്‌റ്ററിംഗ് ഇന്ന് മുതല്‍ 17 വരെ നടത്തും. രാവിലെ എട്ട് മുതല്‍ വൈകിട്ട്‌ ഏഴ് മണി വരെയാണ്‌ മസ്റ്ററിംഗ് ക്യാമ്പ്. എല്ലാ മുന്‍ഗണനാ കാര്‍ഡ്‌ അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ്‌ മസ്‌റ്ററിങ്ങിന്‌ എത്തേണ്ടത്‌. ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല.
സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെത്തന്നെ മസ്‌റ്ററിംഗ് നടത്തും. അല്ലാത്തയിടങ്ങളില്‍ കടകൾക്ക് സമീപത്തുള്ള മറ്റു പൊതുസ്ഥാപനങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇകെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യ വിതരണം, സബ്‌സിഡി ക്ലെയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. ഇ-പോസ്‌ മെഷീനുകളിലൂടെ മാത്രമേ മസ്‌റ്ററിങ്‌ നടത്താന്‍ സാധിക്കൂ. അതുകൊണ്ടാണ്‌ റേഷന്‍ വിതണം നിര്‍ത്തിവെച്ചുകൊണ്ടാണ് മസ്‌റ്ററിംഗ് നടത്തുന്നത്‌. ഈ തീയതികളില്‍ മസ്‌റ്ററിങ്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക്‌ മറ്റൊരു ദിവസം സൗകര്യം ഒരുക്കും. സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്‌റ്ററിംഗ് നടത്താം. കിടപ്പ് രോഗികള്‍ക്കും ഇപ്പോൾ സ്ഥലത്ത്‌ ഇല്ലാത്തവര്‍ക്കും മസ്‌റ്ററിങ്ങിന്‌ പിന്നീട്‌ അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ്‌ ചെയ്യാത്ത കുട്ടികള്‍ക്കും വിരലടയാളം പതിയാത്തവര്‍ക്കും പിന്നീട്‌ മസ്‌റ്ററിങ്ങിന്‌ അവസരം ഒരുക്കുന്നതാണ്.