മസ്റ്ററിങ് നടത്തിയോ നടത്താത്തവര്‍ക്ക് റേഷൻ നല്‍കില്ല’; ഇനി ദിവസങ്ങള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് (Ration Card Mustering) നടത്താത്തവർ ഉടൻ തന്നെ പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനില്‍.

സംസ്ഥാനത്ത് ഇതുവരെ 93 ശതമാനം പേർ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുള്ളത്. ബാക്കിയുള്ള ഏഴ് ശതമാനത്തോളം ആളുകള്‍ മാർച്ചിനകം തന്നെ നിർബന്ധമായും മസ്റ്ററിങ് പൂർത്തിയാക്കണമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിങ് നടത്താത്തവർക്ക് റേഷൻ വിഹിതം നല്‍കരുതെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്തുന്നത്. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് 50000 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.

അതേസമയം മസ്റ്ററിങ് ചെയ്ത പലരുടെയും പേരുകള്‍ കാർഡില്‍ കാണാനില്ലെന്നു കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു.

കാർഡ് ഉടമകളും വ്യാപാരികളുമാണ് പരാതിയുമായി എത്തിയത്. പ്രായമായവരുടെയും കുട്ടികളുടെയും പേരുകളാണ് മസ്റ്ററിങ്ങിന് ശേഷം കാർഡില്‍ കാണാനില്ലെന്ന് പരാതി വന്നിരിക്കുന്നത്. മുൻഗണനാ വിഭാഗത്തില്‍പെട്ട മഞ്ഞ, പിങ്ക് എന്നീ റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നടത്തിയത്.

ഈ മാസത്തെ റേഷൻ വിഹിതം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പേര് നഷ്ടമായ ഉപഭോക്താക്കള്‍.

പേരില്ലാത്തവർ റേഷൻ കാർഡില്‍ വീണ്ടും ചേർക്കേണ്ടി വരും. എന്നാല്‍ മസ്റ്ററിങ് നടത്താത്ത കുട്ടികളുടെ വിഹിതം നഷ്ടപ്പെടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനില്‍ നേരത്തെ പറഞ്ഞിരുന്നു. പേര് നഷ്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.