റേഷൻ കാർഡ് മസ്റ്ററിംഗ് നീട്ടി;മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിന് നവംബർ 5 വരെ സമയം അനുവദിച്ചു

തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻഗനാ റേഷൻ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ 5 വരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു.

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.