ആദ്യമായി ശബരിമലയിലെ കർക്കടകമാസപൂജയും വാവുബലിയും ഒരുമിച്ച്

ആദ്യമായി ശബരിമലയിലെ കർക്കടകമാസപൂജയും വാവുബലിയും ഒരുമിച്ച്. തീർഥാടകർക്ക് പമ്പയിൽ പിതൃതർപ്പണം നടത്തി മലകയറി സന്നിധാനത്തെത്തി ദർശനം നടത്താം. വിപുലമായ ഒരുക്കങ്ങളാണ് പമ്പയിൽ ഇതിനായി ഒരുക്കുന്നത്.

ആദ്യമായാണ് മാസപൂജ സമയത്ത് വാവുബലി വരുന്നത്. അതിനാല്‍ തന്നെ തീർഥാടകരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ബലിയിടാൻ പമ്പാ മണപ്പുറത്ത് കൂടുതൽ ബലിപ്പുരകൾ ദേവസ്വം ബോർഡ് അനുവദിച്ചിട്ടുണ്ട്. പിതൃതർപ്പണം 17ന് പുലർച്ചെ നാലുമുതൽ ആരംഭിക്കും. 16ന് വൈകിട്ട് മുതൽ പമ്പയിൽ ബലിപ്പുരകൾ സജ്ജമാകും. പുലർച്ചെ 5ന് പമ്പാ ഗണപതികോവിൽ തുറക്കും.

ബലിയിട്ടു പമ്പാ ഗണപതി കോവിലിൽ വഴിപാടു നടത്തി ദർശനത്തിനായി സന്നിധാനത്തേക്കു മല കയറാം. അതേസമയം പമ്പാ നദിയില്‍ ജലനിരപ്പ് കൂടുതൽ ആയതിനാൽ അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും സേവനത്തിനുണ്ടാകും. കെഎസ്ആർടിസി ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നു പമ്പയ്ക്കു പ്രത്യേക സർവീസും നടത്തും.