ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്.

ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകരുടെ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാകും തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുക. ജനുവരി 20 വരെയാണ് നിലവില്‍ വിലക്ക് നീക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനകളോട് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.