സേവ് മണിപ്പൂര്‍: 27 ന് 140 മണ്ഡലങ്ങളിലും എല്‍ ഡി എഫ് ജനകീയ കൂട്ടായ്മ

സേവ് മണിപ്പൂര്‍ എന്ന മുദ്രാവക്യമുയര്‍ത്തി ജനകീയ കൂട്ടായ്മ നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. 27 ന് 140 മണ്ഡലങ്ങളിലും ആയിരങ്ങളെ അണിനിരത്തിയുള്ള പരിപാടിയാണു നടക്കുകയെന്നു കണ്‍വീനര്‍ ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ ഉച്ചവരെയാണു പരിപാടി നടക്കുക.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ഇന്ത്യ ലോകത്തിനു മുമ്പില്‍ അപമാനിക്കപ്പെടുന്നു.സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക, നഗ്നനയാക്കി നടത്തുക, കൂട്ടബലാല്‍സംഗം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ സേവനം നടത്തിയ പട്ടാളക്കാരന്റെ ഭാര്യയെപോലും ബലാത്സംഗത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വരുന്നു. അവിടെ നടക്കുന്ന കാര്യങ്ങളുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവരുന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണ് ബി ജെ പി സര്‍ക്കാര്‍ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബി ജെ പി നയത്തെ സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര ശിഥിലമാക്കുന്ന ഏക സിവില്‍ കോഡ് നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നു യോഗം ആവശ്യപ്പെട്ടു.

പുതിയ കേരള സൃഷ്ടിക്കായി ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാജ്യത്തെ വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന കേരളീയം എന്ന ദേശീയ സെമിനാര്‍ നടക്കും. ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരത്താണു പരിപാടി.