സ്കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ.
സ്കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഓൾ പാസ് സമ്പ്രദായത്തിനാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റൻഷൻ നയത്തിൽ സർക്കാർ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഓൾ പാസിന് കീഴിൽ വരില്ല. അതിനാൽ വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. ഇതിലും പരാജയപ്പെട്ടാൽ വാർഷിക പരീക്ഷയിൽ തോറ്റതായി തന്നെ വിലയിരുത്തും. അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയില്ല.
എന്നാൽ ഈ ഭേദഗതിക്കെതിരെ കേരളം രംഗത്തെത്തി. കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല. കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളു. 5 ലെയും 8 ലെയും പൊതു പരീക്ഷ നടത്തി കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സർക്കാർ നയമല്ല. ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് മാത്രമാണ് സംസ്ഥാനം ഉറപ്പുവരുത്തുന്നത്. എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേത്.