പൊതുവിദ്യാലയങ്ങളിലെ മികവ് അളക്കാൻ സർവേ
നാഷണൽ അച്ചീവ്‌മെന്റ് സർവേയുടെ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും സർവേ നടപ്പാക്കുന്നു. അടുത്ത അധ്യയന വർഷം മൂന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലാണ് സ്റ്റേറ്റ് അച്ചീവ്‌മെന്റ് സർവേ നടത്തുക. ദേശീയതല മത്സര പരീക്ഷകളിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പിന്നിൽ ആകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് സർവേ.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ എല്ലാ സ്‌കൂളുകളിലും മാതൃക പരീക്ഷകളും പ്രതിവാര പരീക്ഷകളും നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം എസ് സി ഇ ആർ ടി, എസ് എസ് കെ എന്നിവക്കാണ് ഇതിന്റെ ചുമതല. സർവേയുടെ ഭാഗമായുള്ള പരീക്ഷക്ക് ഒരുങ്ങാൻ കുട്ടികൾക്ക് പ്രത്യേക പരിശീലന സാമഗ്രികൾ നൽകും. ഓരോ സ്‌കൂളിന്റെയും ഫലം വിശകലനം ചെയ്ത് പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണയേകാൻ പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ പ്രത്യേക പദ്ധതികളുണ്ടാകും.