സ്ക്രീൻ ഷെയർ ആപ്പുകൾ;ഓൺലൈൻ തട്ടിപ്പ് വ്യാപകം

കണ്ണൂർ | സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. പോസ്റ്റ് ഓഫീസ് പാർസൽ ട്രാക്ക് ചെയ്യുന്നതിന് വേണ്ടി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്ന് സൈനികന് 99,500 രൂപ നഷ്ടമായി.

ടോൾ ഫ്രീ നമ്പറിൽ വിളിച്ച സൈനികനെ തെറ്റിദ്ധരിപ്പിച്ച് ഫോണിൽ ഒരു സ്ക്രീൻ ഷെയർ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറയുക ആയിരുന്നു. അതിനായി ഒരു ലിങ്ക് തട്ടിപ്പുകാർ ഫോണിലേക്ക് അയച്ച് നൽകി. ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതോടെ അക്കൗണ്ടിൽ നിന്ന്‌ പണം നഷ്ടപ്പെട്ടു.

മറ്റൊരു പരാതിയിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകിയ പരാതിക്കാരന് കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന ഒരു ഫോൺ കോൾ വരികയും കെ വൈ സി വിവരങ്ങൾ വെരിഫിക്കേഷൻ ചെയ്യണമെന്നും അതിനായി ഫോണിന്റെ സ്ക്രീൻ ഷെയർ ചെയ്യണമെന്നും പറയുക ആയിരുന്നു. സമാന രീതിയിൽ ഒരു ലിങ്ക് അയച്ചു നൽകി. ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൊടുത്തു. തുടർന്ന് യുവാവിന്റെ അക്കൗണ്ടിൽ നിന്നും 10,000 രൂപ നഷ്ടമായി.

അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ ആപ്പുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചു തരും.

ബാങ്കുകളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സ്ക്രീൻ ഷെയറിങ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തി വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺ കോളുകൾ, എസ് എം എസ് സന്ദേശം, ഇമെയിലുകൾ എന്നിവ പൂർണമായും അവഗണിക്കുക.

ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുക ആണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്‌ ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.