അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക സർവേ 2024-25 ശക്തമായ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ കോർപ്പറേറ്റ് നേതാക്കൾ രാജ്യത്തെ തൊഴിൽ സമയം കൂട്ടണമെന്ന നിലപാട് ഉയർത്തിക്കാട്ടുമ്പോൾ അവരെയാകെ നിരാശരാക്കുന്നതായിരുന്നു ഇന്നത്തെ സാമ്പത്തിക സർവേ. അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക സർവേ 2024-25 ശക്തമായ മുന്നറിയിപ്പ് നൽകുന്നു. സാപിയൻ ലാബ്‌സ് സെൻ്റർ ഫോർ ഹ്യൂമൻ ബ്രെയിൻ ആൻഡ് മൈൻഡ് നടത്തിയ പഠനം ഉദ്ധരിച്ച് ദിവസം 12 മണിക്കൂർ മേശപ്പുറത്ത് ഇരിക്കുന്നവരുടെ മാനസിക സമ്മർദ്ദം കൂടുമെന്നാണ് സർവേ പറയുന്നത്.
തൊഴിൽ സംസ്കാരവും ജീവിത ശൈലിയും ഉൽപ്പാദന ക്ഷമതയിൽ മാസം 2-3 ദിവസത്തെ കുറവുണ്ടാക്കുന്നതായും മാനേജർമാരുടെ മോശം പെരുമാറ്റവും മോശം തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളും തൊഴിലിടത്തിലെ ആത്മാഭിമാനത്തിനേൽക്കുന്ന ഇടിവും ഉൽപ്പാദനക്ഷമതയിൽ വലിയ ഇടിവുണ്ടാക്കുന്നുണ്ട്. ഇതൊടൊപ്പം മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉള്ള ഇടങ്ങളിൽ പോലും അഞ്ച് ദിവസം വരെ ജോലി സമയം നഷ്ടപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക് ചൂണ്ടിക്കാട്ടി സർവേ പറയുന്നു. ആങ്സൈറ്റി, ഡിപ്രഷൻ എന്നിവ മൂലം ആഗോള തലത്തിൽ 12 ബില്യൺ തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്നുണ്ട്. ഇതിലൂടെ ഒരു ലക്ഷം കോടി ഡോളറിൻ്റെ നഷ്ടമുണ്ടാകുന്നുണ്ട്. ഈ നിലയിൽ ആഗോള തലത്തിൽ ഏഴായിരം ഡോളറാണ് ഒരു ദിവസത്തെ നഷ്ടമെന്നാണ് മറ്റൊരു വിലയിരുത്തൽ.