സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കും: കോഴിക്കോട്‌ മുന്നിൽ

കണ്ണൂർ: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ കോഴിക്കോട്‌ (383) കിരീട പോരാട്ടത്തിൽ മുന്നിലാണ്‌.

344 പോയിന്റുള്ള തൃശൂരാണ്‌ രണ്ടാമത്‌. ആതിഥേയരായ കണ്ണൂർ 175 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്‌. വെള്ളിയാഴ്‌ച നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, കഥാപ്രസംഗം, മിമിക്രി, കഥാരചന, ഉപകരണ സംഗീതം, ബാൻഡ്‌ മേളം, മാപ്പിളപ്പാട്ട്‌, മോണോ ആക്ട്‌ തുടങ്ങിയവ അരങ്ങേറി.

സമാപന ദിവസമായ ശനിയാഴ്‌ച കേൾവി പരിമിതിയുള്ളവരുടെ തിരുവാതിര, മോണോആക്ട്‌, ദേശീയ ഗാനം, മൈം, പദ്യം ചൊല്ലൽ എന്നിവയും കാഴ്‌ച പരിമിതിയുള്ളവരുടെ സംഘഗാനം, ശാസ്‌ത്രീയ സംഗീതം, കഥാകഥനം, പ്രസംഗം എന്നിവയും നടക്കും.

സമാപന സമ്മേളനം വൈകിട്ട്‌ അഞ്ചിന്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും. ഭിന്നശേഷി കമീഷണർ ഡോ. പി ടി ബാബുരാജ്‌ സമ്മാനങ്ങൾ നൽകും.