ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.വിരമിക്കല്‍ പ്രഖ്യാപനം ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്ഥിരീകരിച്ചു. 2027 ഏകദിന ലോകകപ്പിനായി ഓസ്ട്രേലിയൻ യുവനിരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇനിയുള്ളത്. അതിനാല്‍ ഇതാണ് ഓസ്ട്രേലിയൻ ടീമില്‍ നിന്ന് പിന്മാറാനുള്ള ശരിയായ സമയമെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.

ഏകദിന ക്രിക്കറ്റിലെ എന്റെ യാത്ര ഏറെ മികച്ചതായിരുന്നു. അതിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഒരുപാട് മികച്ച ഓർമകള്‍ എനിക്ക് ക്രിക്കറ്റിലുണ്ട്. രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഈ യാത്രയില്‍ ഏറെ മികച്ച സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചു. സ്മിത്ത് പറഞ്ഞു.