ശരിയല്ലെന്ന് തോന്നിയാല്‍ No പറഞ്ഞ് ഇറങ്ങിപ്പോരുക; ‘ഹേമ കമ്മിറ്റി’ ചോദ്യത്തോട് സണ്ണി ലിയോണി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ഉടലെടുത്തിരിക്കുന്ന വെളിപ്പെടുത്തലുകളോടും സംവാദങ്ങളോടും പ്രതികരിച്ച് നടി സണ്ണി ലിയോണി. ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോല്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുകയാണ് വേണ്ടതെന്ന് സണ്ണി ലിയോണി പറഞ്ഞു.
സിനിമയില്‍ നിന്നും തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരുമെന്നും സണ്ണി പറഞ്ഞു. പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.