സപ്ലൈകോ വീണ്ടും പ്രതിസന്ധിയിൽ ; 13 ഇനം സബ്സിഡി സാധനങ്ങളില്ലാതെ സ്റ്റോറുകള്‍

തിരുവനന്തപുരം : പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളില്ലാതെ സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. മന്ത്രി മിന്നൽ പരിശോധന നടത്തിയ നെടുമങ്ങാട് പീപ്പിള്‍സ് ബസാറിൽ മൂന്ന് സബ്സിഡി ഇനങ്ങള്‍ മാത്രമാണുള്ളത്. മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ കണ്ണൂരിലെ പീപ്പിള്‍സ് ബസാറിൽ 5 ഇനങ്ങള്‍ മാത്രമേ ഉള്ളൂ. പ്രതിദിനം 7 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഇവിടെ വിൽപന മൂന്നിലൊന്നായി ഇടിഞ്ഞു.

ഗ്രാമീണമേഖലയിലെ സപ്ലൈകോ സ്റ്റോറുകളിലും സബ്സിഡി ഇനങ്ങളില്ല. പഞ്ചസാരയും വന്‍പയറും വന്നിട്ട് രണ്ട് മാസമായി. വരുന്ന സാധനങ്ങളുടെ അളവ് നാലില്‍ ഒന്നായി കുറഞ്ഞു. പണം നല്‍കാതെ ഏങ്ങനെ സാധനങ്ങള്‍ എത്തുമെന്നാണ് ഉയരുന്ന ചോദ്യം. സപ്ലൈകോയുടെ സ്ഥിരം കരാറുകാര്‍ക്ക് 600 കോടി രൂപയാണ് കുടിശിക നൽകാനുള്ളത്. സപ്ലൈകോ ഔ‍ട്ട്‍ലെറ്റുകളുടെ വരുമാനത്തിലും വൻ ഇടിവ് സംഭവിച്ചു. സാധനങ്ങളുടെ വില കൂട്ടാതെ പിടിച്ച് നിൽക്കാനാകില്ലെന്നാണ് സപ്ലൈകോ അറിയിക്കുന്നത്.