തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡുവില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി.
ആന്ധ്രപ്രദേശ് തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡുവില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തില്‍ രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ വികാരത്തെ സ്പര്‍ശിക്കുന്ന വിഷയം എന്നും സുപ്രീംകോടതി പറഞ്ഞു
തിരുപ്പതി ലഡുവില്‍ മായം ചേര്‍തെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കി കോടതിയെ മാറ്റാന്‍ കഴിയില്ല എന്നാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. വിശ്വാസികളുടെ വികാരത്തെ സ്പര്‍ശിക്കുന്ന സംഭവമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി സ്വതന്ത്ര അന്വേഷണം നടക്കട്ടെ എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. സിബിഐ ഡയറക്ടര്‍ നിര്‍ദേശിക്കുന്ന രണ്ട് സിബിഐ ഉദ്യോഗസ്ഥരും ആന്ധ്രപ്രദേശ് പോലീസ് സേനയിലെ രണ്ട് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണ സംഘത്തിന്റെ രൂപീകരണം.