രാജ്യത്തെ ഏറ്റവും ചൂടൻ ജില്ലയായി വീണ്ടും കണ്ണൂർ
കണ്ണൂർ: രാജ്യത്തെ ഏറ്റവും ചൂടൻ ജില്ലയായി വീണ്ടും കണ്ണൂർ. കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണിലെ ഏറ്റവും ഉയർന്ന ചൂടായ 37.7 ഡിഗ്രി സെല്‍ഷ്യസ് തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തി.കണ്ണൂർ സിറ്റിയില്‍ 35.2 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബറിലും ജനുവരിയിലും രാജ്യത്തെ ചൂടൻ പട്ടികയില്‍ കണ്ണൂരെത്തിയിരുന്നു.
കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഡിസംബറിലും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിലായിരുന്നു. 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്ന് രേഖപ്പെടുത്തിയ താപനില. 30ന് കണ്ണൂർ സിറ്റിയില്‍ 37.02 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ജനുവരി അഞ്ചിന് 24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളത്തിലെ വെതർ സ്റ്റേഷനിലാണ് റെക്കോഡ് രേഖപ്പെടുത്തിയത്. ജനുവരി രണ്ട്, 27, 28 തീയതികളിലും ചൂടില്‍ കണ്ണൂരായിരുന്നു മുന്നില്‍. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഈയിടെ കണ്ണൂർ ഒന്നാമതായി.
ജില്ലയില്‍ തുലാവർഷം ഡിസംബറോടെ തീർന്നെങ്കിലും ജനുവരിയില്‍ പെയ്ത മഴ 23.41 ശതമാനം കൂടുതലായിരുന്നു. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ കനത്ത ചൂട് അനുഭവപ്പെടുന്നത്. രാത്രി നല്ല തണുപ്പാണ് മലയോരമേഖയിലടക്കം.
അതേസമയം പകല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയും. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് വിലയിരുത്തല്‍. പുഴകളില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി. വർഷങ്ങള്‍ക്കുശേഷം പഴശ്ശി പദ്ധതിയുടെ പ്രധാന കനാല്‍ വഴി വെള്ളമൊഴുക്കിയതിനാല്‍ കൃഷിക്കും മറ്റും ആശ്വാസമാണ്.
വെള്ളം കുടിച്ചില്ലെങ്കില്‍ പണിയാവും
ചൂട് കൂടുന്ന സാഹചര്യത്തില്‍ ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍ വാടിത്തളരും. നിർജലീകരണം സംഭവിച്ച് മരണത്തിലേക്കു വരെ നയിക്കാം. അമിത ചൂടും വിയർപ്പും ശരീരത്തിലെ ലവണങ്ങളെ പുറന്തള്ളുന്നു. ചൂട് വർധിച്ച് സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകാനും സാധ്യതയുണ്ട്.
തലവേദന, ത്വക്ക് വരളുക, മയക്കം, തലചുറ്റല്‍, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിലേക്കും നയിക്കും. ഉച്ചവെയിലില്‍ പുറത്ത് ജോലിയില്‍ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്ത് പോകേണ്ടി വരുന്ന സാഹചര്യത്തില്‍ കുട കരുതാം. ദിവസേന എട്ടു മുതല്‍ 10 ഗ്ലാസ് വരെയോ മൂന്ന് ലിറ്ററോ വെള്ളം കുടിക്കണം.