മാര്‍ച്ച് ചൂടാവും; ഇന്ത്യയൊട്ടാകെ താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്
മാര്‍ച്ചില്‍ ഇന്ത്യയൊട്ടാകെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ ദിനങ്ങള്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേരളത്തിലും വരും ദിനങ്ങളില്‍ ചൂട് കൂടുന്ന സാഹചര്യമാണുള്ളത്. തെക്കന്‍ കേരളത്തിലടക്കം വേനല്‍ മഴ കുറയുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഉയര്‍ന്ന താപനിലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല മാര്‍ച്ച് 05 വരെ ഒരു ജില്ലയിലും മഴ സാധ്യതയുമില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം.