സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാലു ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: ശരീരത്തെ പുകച്ച്‌ സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുന്നു. ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ഉ‍യർന്ന ചൂട് കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി -39.6 ഡിഗ്രി സെല്‍ഷ്യസ്.

വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ഈ മാസം തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.സാധാരണയില്‍നിന്ന് 3.2 ഡിഗ്രി ചൂടാണ് പുനലൂരില്‍ ഉയർന്നത്.

പാലക്കാട്, കോട്ടയം ജില്ലകളിലും ചൂട് 38 കടന്നിട്ടുണ്ട്. പകലിന് സമാനം രാത്രിയിലും ചൂടേറി. എല്ലാ ജില്ലകളിലും പുലർച്ചെ അനുഭവപ്പെടുന്ന ചൂട് 25 ഡിഗ്രി പിന്നിട്ടു.

ഇന്നലെ കൊച്ചി എയർപോർട്ട് മേഖലയില്‍ രേഖപ്പെടുത്തിയത് 27 ഡിഗ്രിയാണ്. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാലു ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വേനല്‍മഴ ലഭിക്കാത്തതിനാല്‍ കിണറുകളും ഡാമുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി.

മാർച്ച്‌ ഒന്നുമുതല്‍ മാർച്ച്‌ 17 വരെ 92 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18.1 മി.മീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ലഭിച്ചത് 1.4 മി.മീറ്റർ മാത്രമാണ്.