കേരളത്തില്‍ വേനലിന് സമാനമായ ചൂട്; കാലര്‍ഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ; മുന്നറിയിപ്പ്

കാലവർഷം കഴിയും മുന്നേ കേരളത്തില്‍ വരണ്ട കാലാവസ്ഥ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി.

അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്.

മുന്‍വര്‍ഷങ്ങളിലെ തനിയാവര്‍ത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകര്‍ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ അല്ലെങ്കില്‍ ദുര്‍ബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വര്‍ദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വര്‍ദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടര്‍ന്നു.

കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തില്‍ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളെ പോലെ തുടരും. തമിഴ്നാട്ടില്‍ ചൂട് 40 ഡിഗ്രി വരെ അനുഭവപ്പെടും. സാധാരണ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ പകല്‍ താപനില ഉയരും. തമിഴ്നാട്ടില്‍ സാധാരണയേക്കാള്‍ നാല് ഡിഗ്രി വരെ താപനില കൂടും. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഈ മാസം 19 നും 20 നും ചൂട് കൂടും. കാലവർഷം അവസാനിക്കും മുമ്ബ് ഈ പ്രദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് ചൂട് കൂടുന്നതിന്റെ മുന്നറിയിപ്പും പുറപ്പെടുവിച്ചു.