തൊഴിലുറപ്പ് പദ്ധതിയിൽ കരാർ/ ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കെല്ലാം ഇനി ഇ.പി.എഫ് ആനുകൂല്യം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ആനുകൂല്യം. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തിൽ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകൾക്ക് വിധേയമായി പദ്ധതിയിൽ ചേർക്കാൻ തദ്ദേശവകുപ്പ് തീരുമാനിച്ചു.
ഇ.പി.എഫ് നിയമപ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് നിർബന്ധമായും അംഗങ്ങളാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാർക്ക് നിലവിലെ കുറഞ്ഞ വേതനം 24,040 രൂപയാണ്. അതിനാൽ അപേക്ഷയുടെ അടിസ്ഥാനത്തിലാകും അവരെ പദ്ധതിയിൽ ചേർക്കുക. 15,000 രൂപവരെ വേതനമുള്ള താൽക്കാലിക ജീവനക്കാരെ നിർബന്ധമായും ചേർക്കും. 15,000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താൽക്കാലിക ജീവനക്കാരൻ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി.എഫിലേക്ക് അടയ്ക്കണം. 1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിലുടമയുടെ വിഹിതം. തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോർട്ടലിൽ തൊഴിലുടമ എന്നനിലയിൽ രജിസ്റ്റർ ചെയ്ത് എല്ലാ മാസവും 15നു മുമ്പ് മൊത്തം തുകയും പി.എഫ് ഫണ്ടിലേക്ക് അടയ്ക്കണം.
തൊഴിലുറപ്പ് ഭരണച്ചെലവിനുള്ള പണം പൂർണമായും കേന്ദ്ര സർക്കാറാണ് അനുവദിക്കുന്നത്. ഇത് കിട്ടാൻ പലപ്പോഴും താമസമുണ്ടാകും. അതിനാൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ തുക തനതുഫണ്ടിൽനിന്ന് അടയ്ക്കാനാണ് നിർദേശം.