എന്റെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം’; വിഎസ് സുനിൽകുമാറിനൊപ്പമുള്ള ഫോട്ടോ വൈറലായതിനു പിന്നാലെ ടൊവിനോ
‘
തനിക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടൊവിന് തോമസ്. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ നടനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്നും അതിനാൽ തന്റെ ചിത്രങ്ങൾ പങ്കുവച്ചത് നിയമവിരുദ്ധമാണെന്നും ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു.
എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് . ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല . ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. – ടൊവിനോ തോമസ് കുറിച്ചു.