തീവണ്ടിയിൽ ചാടി കയറുന്നതിന് ഇടയിൽ പാളത്തിലേക്ക് വീഴുകയായിരുന്ന യാത്രക്കാരനെ രക്ഷിച്ച് ആർ പി എഫ് ഉദ്യോഗസ്ഥൻ.

മംഗളൂരു: സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട തീവണ്ടിയിൽ ചാടി കയറുന്നതിന് ഇടയിൽ പാളത്തിലേക്ക് വീഴുകയായിരുന്ന യാത്രക്കാരനെ രക്ഷിച്ച് ആർ പി എഫ് ഉദ്യോഗസ്ഥൻ. മംഗളൂരു സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിൽ വ്യാഴാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം.

മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്‌സ്‌പ്രസിലെ എസ്-6 കോച്ചിലേക്ക് ചാടി കയറാൻ ശ്രമിച്ച വളപട്ടണം സ്വദേശി എഴുപതുകാരനായ നാരായണനെയാണ് ആർ പി എഫ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ എം കെ പ്രകേഷ് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

വണ്ടി പുറപ്പെടുമ്പോൾ ഒരാൾ ഓടിക്കയറാൻ ശ്രമിക്കുന്നതും വഴുതി തീവണ്ടിക്ക് അടിയിലേക്ക് വീഴുന്നതും ശ്രദ്ധയിൽപ്പെട്ടു, ഉടനെ അദ്ദേഹത്തെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ച്‌ കയറ്റുകയായിരുന്നു- പ്രകേഷ് പറഞ്ഞു. പ്ലാറ്റ്ഫോമിലെ സി സി ടി വി ദൃശ്യങ്ങളിലും രക്ഷപ്പെടുത്തൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്‌