റെയിൽവേ സ്റ്റേഷനുകളിൽ ഇനി ക്യു.ആർ കോഡ് വഴി ടിക്കറ്റ് എടുക്കാം

കണ്ണൂർ: സംസ്ഥാനത്തെ 153 റെയിൽവേ സ്റ്റേഷനുകളിൽ ഇനി ക്യു ആർ കോഡ് വഴി ടിക്കറ്റ് എടുക്കാം. പാലക്കാട് ഡിവിഷനിൽ 85, തിരുവനന്തപുരം ഡിവിഷനിൽ 68 സ്റ്റേഷനുകളിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ടിക്കറ്റ് ഇടപാടുകൾ പൂർണമായും ഡിജിറ്റൽ ആക്കുന്നതിൻ്റെ ഭാഗമാണിത്. വേഗത്തിൽ ടിക്കറ്റ് എടുക്കാം എന്നതിന് പുറമെ ചില്ലറ പ്രശ്‌നങ്ങളും തർക്കങ്ങളും ഒഴിവാകും.

റിസർവേഷൻ, സാധാരണ ടിക്കറ്റ് എന്നിവ എടുക്കുമ്പോൾ തുക എത്രയെന്ന് കൗണ്ടറിൽ നിന്ന് പറയും. ഈ തുക ക്യു ആർ കോഡ് വഴി ക്രിസ് വഴി സ്‌കാനിങ്ങിലേക്ക് വരും. യു.പി.ഐ ഇടപാട് പൂർത്തിയായാൽ തുക റെയിൽവേ അക്കൗണ്ടിലേക്ക് എത്തിയെന്ന് മൊബൈലിൽ മെസേജ് വരും. ഇത് കൗണ്ടറിലെ ജീവനക്കാരെ കാണിക്കണം. അതിന് ശേഷമാണ് ടിക്കറ്റ് പ്രിന്റ് ചെയ്യുക.