ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. നിയന്ത്രണം സംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി.
നേരത്തെ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.
ഏറെക്കാലമായി അഞ്ചു ലക്ഷമായിരുന്ന ബിൽ മാറ്റ പരിധി ജൂൺ 24 നാണ് 25 ലക്ഷമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് വീണ്ടും പഴയപടി നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം ശമ്പളം , പെൻഷൻ, മരുന്നുവാങ്ങൽ ചെലവുകൾ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.