കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെന്നൈയില്‍ പരിശീലനം തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം.
സാങ്കേതിക കാര്യങ്ങള്‍ നോക്കുന്ന മെക്കാനിക്കല്‍ വിഭാഗത്തിനും ചെന്നൈയില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. മംഗളൂരുവില്‍ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം – മംഗളൂരു റൂട്ടിലുള്ള ചില ട്രെയിനുകളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയ വണ്ടികളുടെ സമയമാണ് പുനഃക്രമീകരിച്ചത്. ജനശതാബ്ദി രാത്രി 12.25ന് പകരം 12.50നാണ് കണ്ണൂരിലെത്തുക.

നിലവില്‍ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍കോടെത്തും. ഇതേ സമയത്ത് രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവില്‍ നിന്ന് പുറപ്പെടുമെന്നാണ് വിവരം. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച്‌ രണ്ട് മണിയോടെ പുറപ്പെട്ടാല്‍ രാത്രി 11 മണിക്കുള്ളില്‍ മംഗളൂരുവിലെത്തും.

മംഗളൂരുവില്‍ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്ലൈൻ സജ്ജമായി. നിലവില്‍ മംഗളൂരുവില്‍ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്ലൈനുണ്ട്. ഇവയില്‍ ഒന്നിലാണ് ഓവര്‍ ഹെഡ് ലൈൻ വലിച്ചത്.