അച്ഛനും അമ്മയും ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി

അച്ഛനും അമ്മയും ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ബാലനിധിയിലൂടെ നൽകും. കഴിഞ്ഞ 24 ദിവസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രക്ഷിതാക്കളെത്തി കൊണ്ടുപോയില്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ്.