പകർച്ചവ്യാധി സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്.

ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവർ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്.