ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > പൗരൻമാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് നിയമം, കേരള സാംക്രമിക രോഗങ്ങൾ ആക്ട് എന്നിവ യാഥാർത്ഥ്യമാക്കി. പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ്. ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട പ്രധാന ഇടങ്ങളാണ് ആരോഗ്യ കേന്ദ്രങ്ങൾ. ഇവ വിവേചനങ്ങൾ കൂടാതെ രോഗികളുടെ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളണം. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2012ലെ നിയമം ശക്തിപ്പെടുത്തി. ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിനായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു.

ഏപ്രിൽ ഏഴിനാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. 1948 ൽ ലോകാരോഗ്യ സംഘടന സ്ഥാപിതമായതിന്റെ വാർഷിക ദിനമാണ് ഏപ്രിൽ 7. ‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം. എല്ലാവർക്കും എല്ലായിടങ്ങളിലും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളും ആരോഗ്യ സംബന്ധമായ വിവരങ്ങളും വിദ്യാഭ്യാസവും ലഭ്യമാകുക, ശുദ്ധമായ കുടിവെള്ളം, സുരക്ഷിതമായ വായു, പോഷകാഹാരം, മെച്ചപ്പെട്ട പാർപ്പിടം, മാന്യമായ ജോലി ഇടങ്ങളും സാഹചര്യങ്ങളും, വിവേചനങ്ങളിൽ നിന്നും മോചനം തുടങ്ങിയവ ഉയർത്തിപ്പിടിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

മറ്റ് അവകാശങ്ങളെ പോലെ തന്നെ ഒരു പൗരന്റെ അവകാശമാണ് ആരോഗ്യവും. യാതൊരു വിവേചനവും കൂടാതെ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ലഭിക്കുന്നതിനും സ്വന്തം ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടുന്നതിനും പൗരന് അവകാശമുണ്ട്. ഇതോടൊപ്പം സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പാർശ്വവത്കരിക്കപ്പെട്ട, പ്രത്യേക പരിഗണന അർഹിക്കുന്ന മറ്റ് ജനവിഭാഗങ്ങൾ മുതലായവരുടെ അവകാശങ്ങളും പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. അമ്മമാരുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ അവകാശങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം, കൃത്രിമ നിറങ്ങൾ, രാസവസ്തുക്കൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, മാലിന്യങ്ങളുടെ അശാസ്ത്രീയമായ കൈകാര്യം ചെയ്യൽ, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയവ ആരോഗ്യ അവകാശങ്ങൾ ഉറപ്പാക്കേണ്ട വിവിധ മേഖലകളാണ്.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയം, വരൾച്ച തുടങ്ങിയവയും പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങൾ, മലിനീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങളും ആരോഗ്യത്തിന് വെല്ലുവിളിയാകാറുണ്ട്. മനുഷ്യന്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം പക്ഷിമൃഗാദികളുടെയും പ്രകൃതിയുടെയും ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ മനുഷ്യന്റെ ആരോഗ്യ സംരക്ഷണം സാധ്യമാകൂ എന്ന തിരിച്ചറിവാണ് ലോകത്തെ ഏകാരോഗ്യം അഥവാ വൺ ഹെൽത്ത് എന്ന ആശയത്തിലേക്കെത്തിച്ചത്. ഇതുൾക്കൊണ്ട് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് വൺഹെൽത്ത് നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു.