പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം : ക്യാമ്പയിൻ നടത്തും

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം 2024 മായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണൂര്‍ ജില്ലയിൽ നവബര്‍ 25, 26, ഡിസംബര്‍ 2, 3 എന്നീ തീയ്യതികളിൽ പ്രത്യേക കാമ്പയിനുകൾ നടത്തുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ അരുൺ.കെ വിജയൻ അറിയിച്ചു . എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കൂടാതെ ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ മുഖാന്തിരം പോളിംഗ് ബൂത്തുകളിലും ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. അര്‍ഹരായ ഏതെങ്കിലും വോട്ടര്‍മാരെ വോട്ടര്‍ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതായി കണ്ടാൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുവേണ്ട സഹായം ലഭിക്കും. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്കും കൂടാതെ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മുൻകൂറായും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
വോട്ടര്‍ പട്ടികയിൽ പുതുതായി പേര് ചേര്‍ക്കൽ, തെറ്റ് തിരുത്തൽ, ബൂത്ത് മാറ്റം, ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കൽ എന്നിവയ്ക്ക് ആവശ്യമായ സഹായം ലഭിക്കും. 2023 ഡിസംബർ ഒൻപത് വരെ ഓൺലൈനായി ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് അര്‍ഹരായവരെ 2024 ജനുവരി അഞ്ചിന് പ്രസിദ്ധപ്പെടുത്തുന്ന അന്തിമ വോട്ടര്‍പ്പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ്. voters.eci.gov.in എന്ന വെബ്‍സൈറ്റ് മുഖേനയോ വോട്ടര്‍ ഹെൽപ്പ് ലൈൻ ആപ്പ് മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.