വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടർന്ന് പോർട്ട് ഓപറേഷൻ കേന്ദ്രത്തിലെത്തി കംപ്യൂട്ടർ നിയന്ത്രിത പ്രവർത്തന രീതികൾ, ക്രെയിനുകൾ എന്നിവ വീക്ഷിക്കും.പന്ത്രണ്ടോടെ മടങ്ങും.
ചടങ്ങിനു മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ ട്രയൽ റൺ നടന്നു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്തെ പരിശോധന നടത്തി. ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പെടെ 3000 ത്തോളം പോലീസുകാരെ വിന്യസിക്കും എന്നാണ് വിവരം.