ലോക്‌സഭാ തിരഞ്ഞെടുപ്പ്: കരടുപട്ടിക 27-ന്

അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപ്പട്ടിക 27 -നും അന്തിമ പട്ടിക ജനുവരി അഞ്ചിനും പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ (ഇൻ-ചാർജ്) സി. ഷർമിളയുടെ നേതൃത്വത്തിൽ ശനിയാഴ്ച കളക്ടറേറ്റിൽ യോഗം ചേർന്നു.

കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ സി.ഇ.ഒ. നിർദേശിച്ചു. വോട്ടവകാശമുള്ള എല്ലാവരെയും ഉൾപ്പെടുത്തി തെറ്റില്ലാത്ത വോട്ടർപ്പട്ടിക തയ്യാറാക്കുന്നതിന് മുന്തിയ പരിഗണന നൽകണം.

പോളിങ് സ്റ്റേഷുകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താൻ ശ്രദ്ധവേണം. വോട്ടർ ബോധവത്കരണത്തിനുള്ള സ്വീപിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും സി.ഇ.ഒ. നിർദേശിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ജില്ലാകളക്ടറും പൊന്നാനിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാണ് വരണാധികാരികൾ. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് അധ്യക്ഷനായി. അഡീഷണൽ സി.ഇ.ഒ. പി. കൃഷ്ണദാസൻ, സെക്‌ഷൻ ഓഫീസർമാരായ ആർ.വി. ശിവ്‌ലാൽ, എസ്.ആർ. അരുൺ എന്നിവർ പങ്കെടുത്തു. എ.ഡി.എം. എൻ.എം. മെഹറലി, സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻ കുമാർ യാദവ്, അസി. കളക്ടർ സുമിത് കുമാർ താക്കൂർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എ. രാധ തുടങ്ങിയവർ പങ്കെടുത്തു.