ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

വാട്ടര്‍ കണക്ഷനുകളിലെയും പൊതു ടാപ്പുകളിലെയും ജല ദുരുപയോഗവും ജല മോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതു ജനങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം.

ജല ദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. വിവരം വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916-ല്‍ അറിയിക്കാം.

ജലമോഷണം തടയുന്നതിന്റെ ഭാഗമായി നല്‍കുന്ന പാരിതോഷികങ്ങള്‍ ഉപാധികള്‍ക്ക് അധിഷ്ഠിതം ആയിരിക്കും. കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര – താല്‍ക്കാലിക (കുടുംബശ്രീ, എച്ച്‌ ആര്‍ ഉള്‍പ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്ക് ലഭ്യമാകുന്ന മുറക്ക് മാത്രമേ പാരിതോഷികങ്ങള്‍ നല്‍കുകയുള്ളു.

വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത്‌ ഡിവിഷനിലെ എക്സിക്യൂട്ടിവ്‌ എന്‍ജിനീയരുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, rmc2internal@gmail.com എന്ന ഇമെയിലിലേക്കോ അയക്കണം. കൃത്യമായ ലൊക്കേഷന്‍ നല്‍കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു.

1916-ല്‍ കിട്ടുന്ന പരാതികള്‍ ഉടന്‍ തന്നെ എക്സിക്യൂട്ടിവ്‌ എന്‍ജിനീയര്‍ക്ക് കൈമാറും. എക്സിക്യൂട്ടിവ്‌ എന്‍ജിനീയര്‍മാര്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദ വിവരങ്ങള്‍ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാ​ഗത്തെ ഇമെയില്‍ മുഖേന അറിയിക്കണം.