ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടാം

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈത്തിരി താലൂക്കിലെ മുണ്ടക്കൈ എന്ന പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ 70 പേരുടെ മരണം സ്ഥിരീകരിച്ചു. 120 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേരെ കാണാതായെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.