മനുഷ്യ – വന്യജീവി സംഘർഷം; പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം
മനുഷ്യ – വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് യോഗം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കർണാടകയിൽ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതോടെയാണ് അന്തർ സംസ്ഥാന യോഗത്തിന് കളമൊരുങ്ങിയത്. മാർച്ച് 3, 4 തീയതികളിൽ ബംഗളൂരുവിൽ യോഗം ചേരാം എന്നായിരുന്നു ആദ്യ ധാരണ. പിന്നീട് യോഗം ബന്ദിപ്പൂരിലേക്ക് മാറ്റി. മാർച്ച് 10 ന് ചേരുന്ന യോഗത്തിന് കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ നേതൃത്വം നൽകും.
കേരളത്തിൽ നിന്ന് എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് പങ്കെടുക്കുക. വനം വകുപ്പ് മേധാവി ഉപമേധാവിമാർ, പ്രശ്ന ബാധിത പ്രദേശങ്ങളിലെ ആർഎഫ്ഓമാർ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. 9 ന് വയനാട്ടിൽ എത്തുന്ന വനം മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ബന്ദിപ്പൂരിലേക്ക് തിരിക്കുക. നേരത്തെ യോഗത്തിൽ ഉന്നയിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ വനം വകുപ്പ് തയ്യാറാക്കിയിരുന്നു.