അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് റിപ്പോർട്ട്
കാസർകോട്: പത്തൊമ്പതുകാരി മരിച്ച സംഭവത്തിൽ രാസപരിശോധനാഫലം പുറത്ത്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു. ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി ആണ് മരിച്ചത്. ജനുവരി ഏഴിനാണ് പത്തൊമ്പതുകാരിയുടെ മരണം. കോഴിക്കോട് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിക്കുന്നു. അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് കാസർകോട് ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.കാസർകോട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് മരണമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ ബന്ധുക്കള് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണം ഭക്ഷ്യ വിഷബാധമൂലമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷബാധയേറ്റാണ് മരണമെന്ന് കണ്ടെത്തി. ഏത് തരം വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് അറിയാനായാണ് അന്വേഷണ സംഘം പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചത്.